2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

ദുഃഖവെള്ളിയാഴ്ച- വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday)...!!







പെസഹ വ്യാഴത്തെ കുറിച്ച് പരിമിതമായ അറിവില്‍ നിന്നും എഴുതിയപ്പോള്‍ ദുഖവെള്ളിയാഴ്ച്ചയെ കുറിച്ചും എഴുതിയില്ലെങ്കില്‍ പൂര്‍ണമാകില്ല എന്ന് തോന്നി .അതിനാല്‍ ബൈബിള്‍ തീരെ വശമില്ലാത്ത  ഞാന്‍ മത്തായി  മാര്‍ക്കോസ് ,ലൂക്കാസ് ,യോഹന്നാന്‍ തുടങ്ങിയവരുടെ സുവിശേഷം ഒന്ന്  ഓടിച്ചു വായിച്ചു നോക്കി അതില്‍ നിന്നും കിട്ടിയ അല്പക്ഞ്ഞാനം  വച്ചുകൊണ്ട്   എഴുതുന്നതാണ്  അതിനാല്‍ തെറ്റ്   കുറ്റങ്ങള്‍ ക്ഷമിച്  വായിക്കണം എന്ന്   അഭ്യര്‍ത്ഥിക്കുന്നു ..

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാ സഹനത്തെയും    കാൽവരി മലയിലെ കുരിശു മരണത്തെയും അനുസ്മരിക്കാനാണ്    ഈ ദിവസം    വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ  എന്നും വിളിക്കുന്നത്‌. ഞാന്‍ വായിച്ച 
മത്തായി സുവിശേഷം അനുസരിച്ച്   , ഗെത്ത് ശെമന എന്ന തോട്ടത്തിൽ വെച്ചു തന്റെ ശിഷ്യനായ ഈസ്കായ്യോർത്ത് യൂദാ മുപ്പതു വെള്ളിക്കാശിന്  പട്ടാളകാർക്കും,മഹാപുരോഹിതന്മാർക്കും,പരീശന്മാർക്കും യേശുവിനെ കാണിച്ചുകൊടുത്തു.അവർ അവനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്ന  ഹന്നാവിൻറെ അടുക്കൽ കൊണ്ടുപോയി ചോദ്യം ചെയ്തു. ഫലം ഇല്ലായ്കയാൽ ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തെക്ക് അയച്ചു ( ഇത് യോഹന്നാന്‍ സുവിശേഷത്തില്‍ നിന്നാണ് കേട്ടോ  ) അവിടെവെച്ച് മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു,കള്ളസ്സാക്ഷികൾ പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.ഒടുവിൽ മഹാപുരോഹിതൻ അവനോടു "നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ എന്ന് ചോദിച്ചു?" അതിന് ഞാൻ ആകുന്നു എന്ന് ദൈവ പുത്രന്‍  ഉത്തരം നൽകി. ഇതു കേട്ട ഉടൻ മഹാപുരോഹിതൻ വസ്ത്രം കീറി ഇവൻ ദൈവദൂഷണം പറഞ്ഞു എന്നും പറഞ്ഞു.  പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം ചേര്‍ന്ന്  യേശുവിനെ കൊല്ലുവാൻ കൂടി ആലോചിച്ചു ..എന്നിട്ട് ബന്ധിച്ചു നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് യേശുവിനെ വിസ്ഥരിച്ചതിനു ശേഷവും മരണയോഗ്യമായ യാതൊന്നും  യേശുവില്‍  കണ്ടില്ല .. യേശു ഗലിലക്കാരൻ ആണെന് പീലാത്തൊസ് അറിഞ്ഞപ്പോൾ, യേശുവിനെ ഗലില ന്യായാധിപനായ ഹെരോദാവിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവും മരണയോഗ്യമായ യാതൊന്നും കണ്ടില്ല.അതിനാൽ അവൻ യേശുവിനെ തിരിച്ചു പീലാത്തൊസിന്റെ അടുക്കലേക്ക് തന്നെ അയച്ചു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.അവരോടു ഞാനും ഹെരോദാവും വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; അതുകൊണ്ട് "ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;" അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.  അപ്പോള്‍ ജനങ്ങളില്‍ ഒരുവിഭാഗം ഇവനെ ക്രൂശിക്കൂ  എന്ന്  വിളിച്ചു പറഞ്ഞു.  ജനത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന്നു അവർക്കും ഏല്പിച്ചുകൊടുത്തു .. അങ്ങിനെ യേശുകുരിശും ചുമന്നു കൊണ്ടു    ഗൊല്ഗൊഥാ എന്നു പേരുള്ള സ്ഥലത്തേക്കു പോയി.അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു കള്ളന്മാരെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.   6 മണിക്കൂർ തീവ്രവേദന അനുഭവിച്ചു ഹൃദയം പിളരുന്ന ഒരു നിലവിളിയോടുകുടി യേശു പ്രാണനെ വിട്ടു.അപ്പോൾ ദേവാലയത്തിൻറെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. ഇതൊക്കെയാണ്  മത്തായി ലൂക്കാ യോഹന്നാന്‍ തുടങ്ങി  വിശുദ്ധരുടെ സുവിശേഷത്തില്‍ നിന്നും പാവം പ്രവാസിക്ക്  ഗ്രഹിക്കാന്‍ കഴിഞ്ഞ  ദൈവപുത്രന്റെ കുരിശു പീഠനം...

അങ്ങിനെ  ഗൊല്ഗൊഥാ  മലയില്‍ നിന്നും അന്ന്  മുഴങ്ങിക്കേട്ട  ആ വിലാപത്തിന്‍ മാറ്റൊലി മനസ്സില്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട്‌ ദൈവപുത്രന്റെ പീടാനുഭാവങ്ങള്‍ സ്മരിക്കാനായി നമുക്കും പങ്കുചേരാം ..അല്ലേല്‍ ആചരിക്കാം ഈ  ദുഃഖ  വെള്ളിയാഴ്ച  ..എല്ലാവര്‍ക്കും നന്മമാത്രം നല്‍കി അനുഗ്രഹിച്ച ,അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക്  ആഹാരം നല്‍കിയ   ആ  നല്ല  ഇടയന്റെ നാമത്തില്‍ എല്ലാവര്‍ക്കും നന്മകള്‍  മാത്രം ഉണ്ടാകട്ടെ എന്ന്  ഈ  പാവം പാവം പ്രവാസിയും ആശംസിക്കുന്നു  ..പ്രതീക്ഷയുടെ ഉയിര്‍തെഴുന്നെല്പ്പിനായ് ...കാത്തിരിക്കാം നമുക്ക് പ്രാര്‍ഥനയോടെ ...!!!!